കാസര്‍കോട്: (www.thenorthviewnews.in) പിന്നോക്ക ജില്ലയെന്ന പേരുദോഷം മായണമെങ്കില്‍ നാം മുന്നോക്കം എത്തണം. അതിനു വേണ്ടി മറ്റാരുമല്ല, നാം തന്നെയാണ് പ്രയത്‌നിക്കേണ്ടത്. 13 ജില്ലകളിലായി  37 ഓളം മെഡിക്കല്‍ കോളേജുകള്‍ ഉള്ളപ്പോള്‍ അതില്‍ ഒന്നുപോലും നമ്മുടെ ജില്ലയിലില്ല. എന്നിട്ടും കേന്ദ്രം അനുവദിച്ച എയിംസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് കോഴിക്കോടാണ്.



എന്ത് കൊണ്ട്? നമുക്കതിനുള്ള അവകാശമില്ലേ.. ആരോഗ്യ രംഗം ഇത്രയും പരിതാപകരമായ ഒരു ജില്ലയായ നമുക്ക് അവകാശമില്ലങ്കില്‍ പിന്നെയാര്‍ക്കാണവകാശം? ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തുന്ന,
ഭരണകൂടം സമ്മാനിച്ച ഭീകരതയായ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നമ്മുടെ ജില്ലകളില്‍ ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുമ്പോള്‍ എയിംസ് സ്ഥാപിക്കാന്‍ പ്രഥമ പരിഗണന നല്‍കേണ്ടത് കാസര്‍കോടിനല്ലേ.

ഇവിടെ അതിനുള്ള സ്ഥലമേറ്റടുപ്പാണ് പ്രശ്‌നമെന്ന് സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ സ്ഥലം ലഭ്യമായ കാസര്‍കോടിനെ പറ്റി സര്‍ക്കാര്‍ പറയുമെന്ന് തോന്നുന്നില്ല. എന്നിട്ടും ജില്ലയെ എയിംസ് സ്ഥാപിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ തഴഞ്ഞതില്‍ എല്ലാമുണ്ട്. നമുക്കതവകാശപ്പെട്ടതാണെന്നു അവര്‍ക്കറിയുമ്പോള്‍ തന്നെ കാസര്‍കോടല്ലേ ഇത്രയൊക്കെ മതി എന്നവര്‍ കരുതുന്നുണ്ടാവണം.

കരയുന്ന കുഞ്ഞിന്  പോലും പാല് നല്‍കാന്‍ വിസമ്മതിക്കുമ്പോള്‍ പൊട്ടി പൊട്ടി കരഞ്ഞേ മതിയാവൂ. ഔദാര്യത്തിനു വേണ്ടി കേഴുന്ന പോലെയാവരുത് എയിംസിനു വേണ്ടിയുള്ള നമ്മുടെ ശബ്ദങ്ങള്‍.
അവകാശം നേടിയെടുക്കാനുള്ള പോരാട്ടമാണിത്. നാട് ഒന്നടങ്കം ഇതിനായി പൊരുതണം. ആഗസ്റ്റ് 20 നു കാസര്‍കോട് നടക്കുന്ന വമ്പിച്ച ബഹുജന പ്രക്ഷോപം പ്രകമ്പനം കൊള്ളിക്കണം.

എല്ലാ രാഷ്ട്രീയ കക്ഷികളും, മത സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളും ക്ലബ്ബുകളും കൂട്ടയ്മകളും അവരവരുടെ പ്രവര്‍ത്തകരെ മുഴുവനും ഈ ബഹുജന റാലിയില്‍ പങ്കടുപ്പിക്കണം.
നാട്ടിലുള്ള മുഴുവന്‍ 'കാസര്‍കോടിനൊരിടം' അംഗങ്ങളും റാലിയുടെ ഭാഗമാവണം. ഈ ശബ്ദം കാസര്‍കോട് മാത്രം ഒതുങ്ങാതെ സംസ്ഥാനത്തു മൊത്തം പ്രതിഫലിക്കണം. ഓര്‍ക്കുക, നമുക്ക് വേണ്ടി
നാമല്ലാതെ ശബ്ദിക്കാന്‍ മറ്റാരുമുണ്ടാകില്ല.

കെ പി എസ് വിദ്യാനഗര്‍

Post a Comment

أحدث أقدم