മഞ്ചേശ്വരം : (www.thenorthviewnews.in) മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വികസനത്തിന് തടയിടുന്നവര്‍ക്കെതിരെ തെളിവുകള്‍ നിരത്തി വെല്ലു വിളി ഉയര്‍ത്താന്‍ മുസ്ലീം ലീഗിന്റെ യുവ നിര.തുളു നാടന്‍ മണ്ണിന് ലഭിക്കേണ്ടെന്ന വികസന പദ്ധതികള്‍ പഴയത് പോലെ തള്ളിക്കളയാന്‍ വരട്ടെ. ഉശിരുള്ള ആണ്‍ കുട്ടികള്‍ കാസര്‍കോട്ടുണ്ടെന്ന് തെളിയ്ക്കുകയാണ് ജനപ്രതിനിധി. 

ആരോഗ്യമേഖലയില്‍ കാസര്‍കോടിനോടുള്ള അവഗണനക്കും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച എയിംസ് കാസര്‍കോട്ട് സ്ഥാപിക്കണമെന്ന ആവശ്യത്തിന് മുഖംതിരിക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാടിനുമെതിരെ പ്രതിഷേധവുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്. എയിംസ് സ്ഥാപിക്കനുള്ള 200 ഏക്കര്‍ സ്ഥലം ജില്ലയില്‍ ലഭ്യമല്ലെന്നാണ് കാസര്‍കോട്ടേക്ക് എയിംസ് കൊണ്ടുവരുന്നതിന് ന്യായമായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.  എന്നാല്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ പൈവളികെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍ വെറുതെകിടക്കുന്ന 500 ഏക്കര്‍ സ്ഥലം എയിംസിന് ഉപയോഗപ്പെടുത്താമെന്ന ചൂണ്ടിക്കാട്ടുന്ന എ.കെ.എം അഷ്‌റഫ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോഗ്യ മന്ത്രിയെ മഞ്ചേശ്വരത്തേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യ മുതലാളിമാര്‍ക്ക് സൗരോര്‍ജ നിര്‍മാണത്തിന് 500 ഏക്കര്‍ റവന്യൂ ഭൂമി നല്‍കാന്‍ മടി കാണിക്കാത്ത സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന ആരോഗ്യ മേഖലയിലെ വികസനത്തിന് മുന്നില്‍ കണ്ണ് ചിമ്മുന്നതിനെതിരെയും അദ്ദേഹം തുറന്നടിക്കുന്നു.
'' എന്നും അവഗണനകളാല്‍ കഴിയുന്ന കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലെ വികസനത്തിന് സര്‍ക്കാറുകള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്നതിന് ഉദാഹരണമാണ് എയിംസ് സ്ഥാപനവുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ഒരു പനി വന്നാല്‍ പോലും അതിര്‍ത്തിക്കപ്പുറത്തേക്കോടുന്ന കാസര്‍കോടിന് വലിയ പ്രതീക്ഷയായിരുന്നു മെഡിക്കല്‍ കോളജ് പ്രഖ്യാപനം. ഉറക്കില്‍ നിന്നുണര്‍ത്തി ഊണില്ലെന്ന അവസ്ഥയിലേക്ക് മെഡിക്കല്‍ കോളജ് മാറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിച്ച എയിംസ് എങ്ങനെയെങ്കിലും കാസര്‍കോട്ട് സ്ഥാപിക്കാനുള്ള മുറവിളികളെ കണ്ടഭാവം നടിക്കാതെ മെഡിക്കല്‍ കോളജുകളും മികച്ച ആതുരസേവന സൗകര്യങ്ങളുമുള്ള കോഴിക്കോട് സ്ഥാപിക്കാനുള്ള ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ കാസറകോടിനെ നിരാശരാക്കുകയായിരുന്നു.
എയിംസ് സ്ഥാപിക്കാനുള്ള 200 ഏക്കര്‍ സ്ഥലത്തിന്റെ അപര്യാപ്തതയാണ് കാസര്‍കോടിന് എയിംസ് ലഭിക്കാത്തതിനുള്ള കാരണമെങ്കില്‍ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയെ മഞ്ചേശ്വരം മണ്ഡലത്തിലേക്ക് ക്ഷണിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍ 500 ഏക്കറിലധികം ഭൂമി കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. സൗരോര്‍ജ നിര്‍മാണത്തിന് സ്വകാര്യ കമ്പനിക്ക് 500 ഏക്കര്‍ റവന്യൂ ഭൂമി നല്‍കിയ മേഖലയാണിത്. ഒന്നിവിടം വരെ വന്ന് സന്ദര്‍ശിച്ച് കോഴിക്കോട് എയിംസ് നിര്‍മിക്കാനുള്ള പ്രഖ്യാപനം തിരുത്തുന്ന് പ്രതീക്ഷിക്കുന്നുവെന്ന അഭ്യര്‍ത്ഥനയോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Post a Comment

Previous Post Next Post