പൊവ്വല്‍: (www.thenorthviewnews.in) തട്ടിന്‍ പുറത്തെ എലിയുടെ കാര്യം പറഞ്ഞത് പോലെയാണ് പൊവ്വലില്‍ കണ്ട പുലിയുടെ കാര്യവും . പലയിടങ്ങളിലും ഇപ്പോള്‍ പുലിയുടെ കാര്യം പറയുന്നതും ആ രീതിക്കാണ് .'ഞാനാണ് ആദ്യം കണ്ടത് 'ആരോ പറഞ്ഞു ....പക്ഷെ നീജസ്ഥിതി അറിയാന്‍ ചെന്നപ്പോള്‍ പുലി എവിടെയോ ഓടി മറഞ്ഞു എന്നതും ഭാഷ്യം .'

സത്യായിട്ടും കാര്യം പറയാലോ എനിക്ക് നാട്ടില്‍ പുലി ഇറങ്ങിയ വിവരം അറിയുന്നത് പത്ര വാര്‍ത്തയില്‍ കണ്ടാണ് .മനസ്സില്‍ ആധിയും കൗതുകവും ഒപ്പം അങ്കലാപ്പുമുണ്ടായി . പലര്‍ക്കും വിശ്വസിക്കാന്‍ പാടാണ് ....കണ്ടത് വല്ല കാട്ട് പൂച്ചയോ മറ്റോ ആയിരിക്കും ,അല്ല കാട്ടു പോത്തായിരിക്കും ....ഏതായാലും സംഗതി ഇന്ന് നാട്ടില്‍ ചര്‍ച്ചാ വിഷയമാണ് .രാവിലെ സുബ്ഹി നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയവരാണ് പുലിയെ കണ്ടതായി പറയുന്നത് ,അത് അതെ പടി തള്ളാനും പാടാണ് കാരണം പറയുന്നത് കാര്യങ്ങള്‍ അറിയുന്ന നാട്ടിലെ മുതിര്‍ന്നവരാണ് എന്നത് കൊണ്ട് തന്നെ.

കൂടാതെ ഈ പ്രദേശത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വ്യക്തിയുടെ വീട്ട് മുറ്റത്തും രാത്രി പുലിയെ കണ്ടതായി പറയുമ്പോഴാണ് കാര്യം ഗൗരവമായ രീതിയില്‍ വാര്‍ത്തയായതും. പക്ഷെ നാട്ടുകാരായവര്‍ മൊത്തം തിരച്ചില്‍ നടത്തിയിട്ടും പുലിയുടെ പൊടിപോലും കണ്ടില്ല എന്നതും സത്യം . ജമാഅത്ത് പള്ളിയുടെ പിറക് വശം (ഏകദേശം എടനീര്‍ വരെ )മൊത്തം വനപ്രദേശമാണ് .സാധാരണ ചെറിയ കാട്ടു മൃഗങ്ങള്‍ രാത്രികാലങ്ങളില്‍ ഇതിന് തൊട്ടടുത്തുള്ള പള്ളിയിലേക്കുള്ള റോഡില്‍ സ്ഥിരം കാഴ്ചയാണ് ,അപ്പോള്‍ പുലിയിറങ്ങി എന്ന് പറഞ്ഞാലും തള്ളിക്കളയാനാവില്ല.

പാവനമായ പൊവ്വല്‍ ജമാഅത്ത് പള്ളിയുടെ ചരിത്രകഥകളിലും പൂര്‍വികര്‍ പുലി വന്ന  കഥ പറയുന്നുണ്ട് .ഏതായാലും എഴുത്ത് വിഷയത്തിലേക്ക് തന്നെ നീട്ടുകയാണ് .പുലിയിറങ്ങിയതായി പറയുന്ന പൊവ്വല്‍ ജമാഅത്ത് പള്ളിയുടെ തൊട്ടടുത്ത പ്രദേശങ്ങള്‍ ജനവാസമേഖലയാണ് ,രാത്രിയില്‍ പോലും  ഇവിടെ യാത്രക്കാര്‍ ഉണ്ടാകും, രാവിലെയാണെങ്കില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മദ്രസയിലേക്കും മറ്റും പോകുന്ന വഴിയുമാണ് ,സ്വാഭാവികമായും ജനങ്ങളില്‍ ഇങ്ങനെയുള്ള മൃഗങ്ങള്‍ ഇറങ്ങി എന്ന് പറയുമ്പോള്‍ ആശങ്കയുണ്ടാകും .ഏതായാലും നിസ്സാര വത്കരിക്കാനൊക്കുമോ, കാരണം  കഥയിലെ വില്ലനും നായകനുമെല്ലാം നാട്ടുകാരുടെ കാഴ്ചപ്പാടില്‍ ഇന്ന് പുലിയാണ് .ഇങ്ങനെയുള്ള വിഷയങ്ങള്‍ വരുമ്പോള്‍ ആപത്ത് കാണാതെ നടപടി ഉണ്ടാവൂല എന്ന സ്ഥിരം പല്ലവിയാണോ അധികൃതര്‍ തുടരുന്നത് എന്നും വിമര്‍ശിക്കപ്പെടേണ്ടിയിരിക്കുന്നു .ഏതായാലും പുലിയോ പുള്ളിമാനോ ഏതുമായിക്കോട്ടെ  നാട്ടുകാര്‍ വിളിക്കുമ്പോള്‍ മാത്രം, വന്ന് പോകലും സാങ്കേതികത്വങ്ങള്‍ പറഞ്ഞു കാര്യങ്ങള്‍ നീട്ടി പിടിക്കലിനും അപ്പുറം ഈ പ്രദേശവാസികളുടെ  ആശങ്കയകറ്റാന്‍ വനം വകുപ്പ് അധികൃതര്‍ തയ്യാറാവേണ്ടതുണ്ട് .ഇന്നല്ലെങ്കില്‍ നാളെ കഥാനായകനെ നിങ്ങള്‍  കണ്ടെത്തും എന്ന് വിശ്വസിക്കട്ടെ .'ദേ ...ആരോ വിളിക്കുന്നുണ്ട് ഒരു പക്ഷെ പുലിയുടെ കാര്യം പറയാനായിരിക്കും' ...

ജാസര്‍ പൊവ്വല്‍

Post a Comment

أحدث أقدم