കുവൈറ്റ്:(www.thenorthviewnews.in) മലയാളി ദമ്പതികള്‍ കുവൈത്തില്‍ പലരില്‍നിന്നായി രണ്ട് കോടിയോളം രൂപ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. മംഗഫ് ബ്ലോക്ക് നാലില്‍ കളരി ഫിറ്റ്‌നസ് സെന്റര്‍ എന്നപേരില്‍ യോഗ എയറോബിക്‌സ് പരിശീലന സ്ഥാപനം നടത്തിയിരുന്ന രാധിക ജയകുമാര്‍, ഭര്‍ത്താവ് ജയകുമാര്‍ എന്നിവര്‍ ബിസിനസ് വിപുലീകരണത്തിന് നിക്ഷേപമായും പലിശക്ക് വായ്പയായു0 കോടികള്‍ തട്ടിയെടുത്ത് മുങ്ങിയതായി നിക്ഷേപം നല്‍കിയവരും സ്‌പോണ്‍സര്‍ ജമാല്‍ അല്‍ ദൂബുമാണ് വാര്‍ത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്.
ഇവര്‍ 22000 ദീനാര്‍ തട്ടിയതായ സ്‌പോണ്‍സറുടെ പരാതിയില്‍ കുവൈത്തില്‍ കേസുണ്ട്. മൊത്തം 75000 ദീനാറിന്റെ നിക്ഷേപ തട്ടിപ്പാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. പലിശക്ക് നല്‍കി പണം നഷ്ടപ്പെട്ടവര്‍ മുന്‍നിരയിലേക്ക് വന്നിട്ടില്ല. ചില സംഘടനകളും ഇവര്‍ക്ക് പലിശക്ക് വായ്പ നല്‍കി കുടുങ്ങിയിട്ടുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഒരു ലക്ഷം ദീനാറിന് മുകളില്‍ വരുമെന്നാണ് സൂചന. 2018 ഏപ്രില്‍ ഒമ്പതിനാണ് ഇവര്‍ കുവൈത്തില്‍നിന്ന് മുങ്ങിയത്. 2016 സെപ്റ്റംബറിലാണ് സ്ഥാപനം തുടങ്ങിയത്.
തുടക്കത്തില്‍ സ്‌പോണ്‍സര്‍ക്ക് ലാഭവിഹിതം കൃത്യമായി നല്‍കിയിരുന്നു. പലരില്‍നിന്ന് ചെറിയ തുക വായ്പയെടുത്തത് സമയത്ത് തിരിച്ചുനല്‍കി വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് വലിയ തട്ടിപ്പ് നടത്തിയത്. പണം നല്‍കിയവര്‍ക്കെല്ലാം കമ്പനിയുടെ പേരിലുള്ള രേഖകളും നാട്ടിലെ ബാങ്ക് അക്കൗണ്ടിന്റെ ബ്ലാങ്ക് ചെക്കും നല്‍കിയിരുന്നു.
എന്നാല്‍ കമ്പനി രേഖകളില്‍ തിരിമറി നടത്തിയത് പിന്നീടാണ് മനസ്സിലായതെന്നും കമ്പനിയുടെ യഥാര്‍ഥ ഉടമയായ ജമാല്‍ അല്‍ ദൂബിനെയും തങ്ങളെയും ഒരുപോലെ കബളിപ്പിക്കുകയായിരുന്നുവെന്നും ഇരകള്‍ ആരോപിച്ചു. ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് നാട്ടില്‍ ഒമ്പത് കേസുകളുണ്ട്. സമാനമായ തട്ടിപ്പ് നേരത്തെ ദുബൈ കേന്ദ്രീകരിച്ചും നടത്തിയതായി വിവരം ലഭിച്ചെന്നും രണ്ട് കേസുകള്‍ ദുബൈയിലെ തട്ടിപ്പുമായി ബന്ധപ്പെട്ടും കേരളത്തില്‍ ഉണ്ടെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി മുതല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിട വാടകയും നല്‍കിയിട്ടില്ല. കുവൈത്ത് കോടതിയിലെ കേസില്‍ സെപ്റ്റംബറില്‍ വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌പോണ്‍സര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായും ഇന്ത്യയിലെ അധികൃതരുമായും ബന്ധപ്പെട്ട് പ്രതികളെ തിരികെയെത്തിക്കാനും നീതി ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ജമാല്‍ അല്‍ ദൂബ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജമാല്‍ അല്‍ ദൂബ്, സ്‌നേഹ്, ശില്പ, അനീഷ് , ശരത് എന്നിവര്‍ പങ്കെടുത്തു.

إرسال تعليق