മൊഗ്രാല്‍ പുത്തൂര്‍:(www.thenorthviewnews.in)സ്‌ക്കൂള്‍ തുറക്കലും റംസാനും പെരുന്നാളുമെല്ലാം ഇത്തവണ അടുത്തടുത്താണ് വന്നത്. അത് കൊണ്ട് തന്നെ സാധാരണക്കാരായ നിരവധി കുടുംബങ്ങളാണ് കഷ്ടത്തിലായത് പുസ്തകങ്ങള്‍. ബാഗ് ,കുട .സ്‌ക്കൂള്‍ ഫീസ്.യൂണിഫോം തുടങ്ങിയവയാണ് പ്രധാനമായും സ്‌ക്കൂളുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് വേണ്ടിയിരുന്നത്.
മീനിനും കോഴിക്കും പച്ചക്കറിക്കുമെല്ലാം വില കുതിച്ചു കയറിയത് റംസാനില്‍ പലരെയും കഷ്ടപ്പെടുത്തിയിരുന്നു. പെരുന്നാളും കൂടി എത്തിയപ്പോള്‍ നാലും അഞ്ചും മക്കളുള്ള കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ ആഘോഷം സ്വപ്നത്തില്‍ ഒതുങ്ങുമോ എന്ന ആശങ്കയായിരുന്നു. പലവിധ കഷ്ടപ്പാടുണ്ടായിട്ടും തങ്ങളുടെ പ്രയാസങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ അഭിമാനം തടസമായി നിന്നവരായിരുന്നു അധികവും..കുടുംബ ചുമലേറ്റി നടന്നവന്‍ മാരക രോഗങ്ങളും അപകടങ്ങളുമായി .കിടപ്പിലായതോടെ ഇത്തരം കുടുംബങ്ങളുടെ സങ്കടങ്ങള്‍ വീടിന്റെ ചുമരുകള്‍ക്കുള്ളിലായി. നല്ല രീതിയില്‍ ജീവിച്ച ഇത്തരം ആളുകള്‍ക്ക് ആപത്ത് കാലത്തെ സങ്കടങ്ങള്‍ പുറം ലോകത്തെ അറിയിക്കാന്‍ മടിയായിരുന്നു. പണക്കാരനും കൈ നീട്ടി ജീവിക്കുന്നവനും ആവശ്യങ്ങള്‍ നിറവേറ്റിയെടുക്കാന്‍ ബുദ്ദിമുട്ടേണ്ടി വരുന്നില്ല. എന്നാല്‍ നമുക്കിടയില്‍ കൂടുതലായും കാണുന്ന ഇടത്തരക്കാര്‍ അവരുടെ സങ്കടങ്ങള്‍ ആരോടും പറയാറില്ല. ഇത്തവണ ഞാനും സൂഹൃത്തുക്കളും ഒരു മാസക്കാലം ഇത്തരം കുടുംബങ്ങളെ തേടിയാണ് സഞ്ചരിച്ചത്.പല നൊമ്പര കാഴ്ചകളാണ് കാണാനിടയായത്.സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ അവര്‍ വേണ്ട രീതിയില്‍ സഹായിച്ചു.
തങ്ങളുടെ ദാരിദ്യം അയല്‍ക്കാരു പോലും അറിയരുത് എന്ന് കരുതി നാല് മക്കളുമായി വാതിലടച്ച് വാടക മുറിയുടെ ചുമരുകള്‍ക്കുള്ളില്‍ കഴിഞ്ഞവര്‍.കഴിഞ്ഞ പെരുന്നാളിനും സ്‌ക്കൂള്‍ പ്രവേശനോല്‍വത്തിലും പുത്തനുടുപ്പും ബാഗുമൊക്കെ തന്നെ വര്‍ണ്ണോത്സവമാക്കിയ ഉപ്പയുടെ വേര്‍പാട് മൂലം സങ്കടത്തിലായ പിഞ്ചോമനകളടങ്ങിയ കുടുംബം.രണ്ടനുജന്മാര്‍ക്കും ഉമ്മക്കും നല്ല ജീവിതം നല്‍കാന്‍ തന്റെ സ്വപ്നങ്ങള്‍ മാറ്റിവെച്ച 20 കാരന്‍... കാന്‍സറsക്കമുള്ള മാരക രോഗങ്ങള്‍ കടന്ന് വന്ന് ജീവിതത്തിന്റെ നിറങ്ങള്‍ വികൃതമാക്കിയ നിരവധി കുടുംബങ്ങള്‍. മരുമോളെയും പേരക്കുട്ടികളെയും കൂട്ടി പെരുന്നാള്‍ ദിനത്തില്‍ ദൂരെയുള്ള പൊന്നുമ്മയെ കാണാന്‍ പോകാന്‍ ബസ്സിന് കാശില്ലാതെ മകന്റെ സങ്കടം. രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന സ്‌നേഹ നിധിയായ ഉമ്മക്ക് നല്ല ചികിത്സ നല്‍കാന്‍ കഴിയാത്ത ബേജാറില്‍ കഴിയുന്ന മകന്‍.ബാപ്പയുടെ വേര്‍പ്പാടില്‍ അനാഥരായി മാറിയ പൊന്നോമനകള്‍. പ്രവാസത്തിലെ പ്രയാസങ്ങള്‍ അനുഭവിച്ചും നാട്ടില്‍ പകലന്തിയോളം കഷ്ടപ്പെട്ടും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ വിഷമിക്കുന്ന കുടുംബങ്ങള്‍.നാഥനോട് പ്രാര്‍ത്ഥിക്കാന്‍ നല്ല കുപ്പായമില്ലാത്തവര്‍.ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടറെ കാണിക്കാന്‍ പറ്റാതെ വിഷമിച്ച ഭര്‍ത്താവ്...  ഇങ്ങനെ പല കാരണങ്ങളാല്‍ ജീവിതത്തിന്റെ നിറം മങ്ങിയവര്‍..... പല കാരണങ്ങളാല്‍ ജീവിത യാത്ര കഷ്ടപ്പാടും വേദനയും നൊമ്പരങ്ങളും നിറഞ്ഞ കുടുംബങ്ങളായിരുന്നു ചുറ്റിലും. അവരിലേക്ക് ആശ്വാസത്തിന്റെ കാരുണ്യത്തിന്റെ സ്‌നേഹത്തിന്റെ പൂക്കളുമായി എത്താന്‍ എന്റെ നല്ല സുഹൃത്തുക്കള്‍ക്ക് എന്തൊരു ആവേശമായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിപ്പിടിത്തമൊന്നും നന്മയെ ഹൃദയത്തില്‍ സൂക്ഷിച്ച അവര്‍ക്ക് തടസ്സമല്ലായിരുന്നു....കാരുണ്യത്തിന്റെ നിലവറ നിരന്തമായി തുറന്നപ്പോഴും അവര്‍ ഒരൊറ്റ കാര്യമെ ആവശ്യപ്പെട്ടുള്ളൂ.. പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും കുടുംബത്തെയും ഉള്‍പ്പെടുത്തണേ.....

മാഹിന്‍ കുന്നില്‍

Post a Comment

أحدث أقدم