തിരുവനന്തപുരം: (www.thenorthview.in)നിയമസഭ വര്‍ഷകാല സമ്മേളനം ചേര്‍ന്ന ആദ്യ ദിവസം കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള സഭയില്‍ എത്തിയത് മാസ്‌ക്കും ഗ്ലൗസ്സും ധരിച്ച്.കോഴിക്കോട്, മലപ്പുറം മേഖലകളില്‍ നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എ ഈ രീതിയില്‍ സഭയില്‍ പ്രത്യക്ഷപ്പെട്ടത്.
മറ്റ് സഭാംഗങ്ങള്‍ അദ്ദേഹത്തോട് കൗതുകത്തോടെ വിഷയമാരായുന്നുണ്ടായിരുന്നു. എന്നാല്‍ പാറക്കല്‍ അബ്ദുള്ളയുടേത് അപഹാസ്യമായ നടപടിയാണ് എന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ കുറ്റപ്പെടുത്തി. മാസ്‌ക് ധരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഒന്നുകില്‍ അദ്ദേഹത്തിന് നിപ്പ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുളളവരുമായി സമ്പര്‍ക്കമുണ്ടാകണം. അങ്ങനെ സമ്പര്‍ക്കുമുണ്ടായിരുന്നുവെങ്കില്‍ എംഎല്‍എ സഭയില്‍ വരാന്‍ പടില്ലായിരുന്നുവെന്നും മന്ത്രി കെ കെ ശൈലജ സഭയില്‍ അറിയിച്ചു. അദ്ദേഹം കോമാളി വേഷം കെട്ടിയിരിക്കുകയാണെന്ന് ചില അംഗങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. കോഴിക്കോട് എല്ലാവരും ഇങ്ങനെയാണ് നടക്കുന്നതെന്നും വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് എം.എല്‍എ അങ്ങനെ വന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വളരെ ഗൗരവമായ വിഷയത്തെ അപഹസിക്കുന്ന രീതിയുള്ളതായിപ്പോയി എംഎല്‍എയുടെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയില്‍ കുറ്റപ്പെടുത്തി.

Post a Comment