കാസര്‍കോട്: (www.thenorthviewnews.in) ചെമ്പരിക്ക മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം നടന്നിട്ട് എട്ടാണ്ട് പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഖാസിയുടെ സവിശേഷ ജീവിതം അനുസ്മരിക്കാനും മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ വിജയത്തിലെത്തിക്കാന്‍ വേണ്ടി  ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെയും കുടുംബത്തിന്റെയും ആഹ്വാന പ്രകാരം 
റമദാനിലെ മുന്നാമത്തെ വെള്ളിയാഴ്ചയായ ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിച്ചു.

ഇതുമായി സഹകരിച്ചു എല്ലാ പള്ളികളിലും പ്രദേശങ്ങളിലും പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടത്തി പരിപാടി വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും സമസ്ത കാസര്‍കോട് ജില്ല പ്രസിഡന്റും കീഴൂര്‍  മംഗളൂരു ഖാസിയുമായ ത്വാഖാ അഹ് മദ് മൗലവിയും ആവശ്യപ്പെട്ടിരുന്നു.

2010 ഫെബ്രുവരി 15 നാണ് ഖാസിയെ ചെമ്പിരിക്ക കടുക്കക്കല്ലില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളം ഞെട്ടിയ ആ സംഭവത്തില്‍ സത്യാവസ്ഥ ഇന്നും പുറംലോകമറിയാതെ കിടക്കുകയാണ്.

ലോക്കല്‍ പോലീസും പിന്നാലെ വന്ന ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐ രണ്ട് തവണയും അന്വേഷിച്ചിട്ടും മരണത്തിലെ ദുരൂഹതയകറ്റാന്‍ സാധിച്ചിട്ടില്ല. ഇതിനിടയില്‍ ആദൂരിലെ ഒരു ഓട്ടോ്രൈഡവര്‍ വെളിപ്പെടുത്തിയ ചില വിവരങ്ങളുടെ ചുവടുപിടിച്ച് സിബിഐ അന്വേഷണം തുടര്‍ന്നെങ്കിലും അതും ഫലമുണ്ടായില്ല.

സിബിഐ കേസില്‍ രണ്ടു തവണ നടത്തിയ നിഗമനങ്ങളും പൊതുസമൂഹവും അതോടൊപ്പം കോടതിയും അംഗീകരിച്ചിട്ടില്ല. രണ്ടാമത് നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് കോടതി പരിഗണിക്കുന്നതിനിടയിലാണ് കേസിന് ബലമേകുന്ന ചില വിവരങ്ങള്‍ പുറത്തുവന്നത്.

Post a Comment

أحدث أقدم