പാകിസ്ഥാനില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. (www.thenorthviewnews.in)  പെഷവാറിലേക്കുള്ള ട്രെയിന്‍ പുറപ്പെടാന്‍ കാത്തു നില്‍ക്കുമ്ബോഴായിരുന്നു സ്ഫോടനം ഉണ്ടായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയായിരുന്നു സ്‌ഫോടനം. ക്വെറ്റയിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം നടന്നപ്പോള്‍ ഡസന്‍ കണക്കിന് ആളുകള്‍ പ്ലാറ്റ്ഫോമില്‍ കാത്തുനില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്ലാറ്റ്ഫോമില്‍ ചിതറിക്കിടക്കുന്ന നിലയില്‍ മൃതദേഹങ്ങളും മേല്‍ക്കൂര പറന്നു പോയ നിലയിലും ദൃശ്യങ്ങളിലുണ്ട്്.

ജാഫര്‍ എക്സ്പ്രസ് പെഷവാറിലേക്ക് പോകാനിരിക്കെയാണ് സ്ഫോടനമുണ്ടായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വംശീയ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. റെയില്‍വേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിലാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ലോ എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ ഉടന്‍ തന്നെ പ്രദേശത്ത് വിന്യസിച്ചു. പരിക്കേറ്റവരെ ക്വറ്റയിലെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തതായി പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു.

സ്ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റ 46 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആശുപത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പരിക്കേറ്റവരെ സഹായിക്കാന്‍ അധിക ജീവനക്കാരെ വിളിക്കുകയും ചെയ്തു. ''ഇന്‍ഫന്‍ട്രി സ്‌കൂളിലെ സൈനികരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം,'' ബലൂചിസ്ഥാനിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ മൗസ്സം ജാ അന്‍സാരി പറഞ്ഞു. ഏകദേശം മൂന്ന് മാസം മുമ്ബ്, ബലൂചിസ്ഥാനിലെ പോലീസ് സ്റ്റേഷനുകളിലും ഹൈവേകളിലും നടന്ന ആക്രമണങ്ങളുടെ പരമ്ബരയില്‍ 73 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post