ന്യൂഡല്‍ഹി: ഫരീദാബാദ് അണ്ടര്‍പാസിലൂടെ യാത്ര ചെയ്യവേ കനത്തമഴയില്‍ എസയുവി വെള്ളത്തില്‍ മുങ്ങി ബാങ്ക് മാനേജരും കാഷ്യറും മരിച്ചു.

ഫരീദാബാദില്‍ വെള്ളിയാഴ്ച കനത്ത മഴയെത്തുടര്‍ന്നായിരുന്നു സംഭവം. ഗുരുഗ്രാമിലെ സെക്ടര്‍ 31 ല്‍ പ്രവര്‍ത്തിക്കുന്ന എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മാനേജര്‍ പുണ്യശ്രീ ശര്‍മ്മയും കാഷ്യര്‍ വിരാജ് ദ്വിവേദിയുമാണ് മരണമടഞ്ഞത്. ഫരീദാബാദില്‍ നിന്നും വൈകിട്ട് മഹീന്ദ്രാ എസ് യുവിയില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടത്തില്‍പെട്ടത്.

ഓള്‍ഡ് ഫരീദാബാദിലെ റെയില്‍വേ അണ്ടര്‍പാസിലൂടെ പോകുമ്ബോള്‍ വെള്ളക്കെട്ടില്‍ പെടുകയായിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ അളവ് എത്രയുണ്ടെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയാതെ വരികയായിരുന്നു. എസ് യുവി വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് രണ്ടുപേരും വാഹനത്തില്‍ നിന്നും ഇറങ്ങി നീന്തിക്കയറാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പെടുകയായിരുന്നു. എസ് യുവി കുടുങ്ങിയതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തുകയും വാഹനം വലിച്ച്‌ പുറത്തെത്തിച്ചു. പിന്നീട് മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടര്‍ച്ചയായി രണ്ടു ദിവസമായി മഴ ശക്തമായി പെയ്യുകയാണ്. ഇവിടെയെങ്ങും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വ്യാഴാഴ്ചയും വെള്ളിയാഴ്ചും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ മഴയും വെള്ളക്കെട്ടും ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഗതാഗത തടസ്സവും ട്രാഫിക് ജാമുകളും സൃഷ്ടിച്ചിരുന്നു.

ശനിയാഴ്ചയും മഴ തുടരുന്നു, യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഐഎംഡി ഡാറ്റ അനുസരിച്ച്‌, ഈ മാസം ഡല്‍ഹിയില്‍ 1,000 മില്ലിമീറ്ററിലധികം മഴ ലഭിച്ചു, ഇത് 2021 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നതും കുറഞ്ഞത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെതുമാണ്.

Post a Comment

Previous Post Next Post