കാസർകോട്:(www.thenorthviewnews.in) യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ കോളേജിൽ വന്ന വിദ്യാർത്ഥികളെ, പരീക്ഷ കഴിഞ്ഞ ഉടനെ തെരുവിൽ ഇറക്കി വിട്ട് കാസർകോട് ഗവണ്മെന്റ് കോളേജ് അധികൃതർ മാതൃകയായി. വളരെയധികം ജാഗ്രതയോടു കൂടിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും കൈകാര്യം ചെയ്യേണ്ട യൂണിവേഴ്സിറ്റി പരീക്ഷ നിസ്സാരമായി കണ്ട കോളേജ് അധികൃതർ നടത്തിയത് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് എം.എസ്.എഫ് കാസർകോട് മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗർ, ജനറൽ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട പ്രസ്താവിച്ചു .
ജീവന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം പരീക്ഷ നടത്തിയത്.കോളേജ് അധികാരികൾ വിദ്യാർത്ഥികളോട് അല്പമെങ്കിലും മാന്യത കാണിക്കണമായിരുന്നു. കോവിഡ് കാരണം അടച്ചിട്ട കോളേജ് തുറക്കാതിരിക്കാനാണ് അധികൃതരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പല ഭാഗത്തു നിന്നായി ബസ്സിൽ വരുന്ന വിദ്യാർഥികൾ ബസ് സമയം ആകുന്നത് വരെ കോളേജിൽ ഇരിക്കുന്നതും വിലക്കി. ഇത് കാരണം എല്ലാ വിദ്യാർത്ഥികളും ഒന്നിച്ചു ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കേണ്ടി വന്നതും കോവിഡ് സമയത്തെ ജാഗ്രതക്കുറവായി കാണേണ്ടിവരും.
അത്യാവശ്യം സാമൂഹ്യ അകലം പാലിച്ചു സമാധാനപരമായി നടത്തേണ്ട പരീക്ഷകൾ ഇത്തരത്തിലുള്ള ജാഗ്രതക്കുറവ് മൂലം വരുത്തി വെക്കുന്നത് വലിയ വിപത്താണെന്ന കാര്യം ഗൗരവമായി കാണാൻ അധികൃതർ തയ്യാറാവണമെന്നും എം.എസ്.എഫ് ഓർമപ്പെടുത്തി.

إرسال تعليق