തിരുവനന്തപുരം:(www.thenorthviewnews.in)  ലോക്‌ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മന്ത്രി നിയമസഭയില്‍ പറഞ്ഞതു പോലെയല്ലെന്നും പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും അപ്രായോഗികമായ നിരവധി നിബന്ധനകള്‍ പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങളില്‍ ഉണ്ടെന്ന് പ്രതിപക്ഷനിരയില്‍ നിന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. ഇതിനു മറുപടിയായാണ് പുതുക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചത്. പ്രായോഗികമായ നിര്‍ദേശങ്ങള്‍ തന്നെയാണ് പുതിയ ഉത്തരവിലുള്ളതെന്നും ഇനി അത് തിരുത്താന്‍ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

പുതുക്കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ കടകളില്‍ എത്തുന്നവര്‍ക്ക് എഴുപത്തിരണ്ട് മണിക്കൂര്‍ മുമ്ബ് നടത്തിയ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റോ വാക്സിന്‍ സ്വീകരിച്ച രേഖയോ കൈയില്‍ കരുതണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വാക്സിനെടുക്കാന്‍ ആകാത്തവര്‍ നിരവധിയാണെന്നും ആര്‍ ടി പി സി ആര്‍ പരിശോധന പണച്ചെലവുളള കാര്യവുമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദ്ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിലും ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.

Post a Comment

أحدث أقدم