കൊറോണ കോർ കമ്മറ്റിയോഗം







എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഓരോ ഡൊമിസിലിയറി കെയർ സെൻറർ
രണ്ട് മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: (www.thenorthviewnews.in) കൊവിഡ് പോസിറ്റീവ് കേസുകളുടെ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ നിർദ്ദേശിച്ചുള്ള സർക്കാർ ഉത്തരവ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിൽ കർശനമായി നടപ്പിലാക്കാൻ ജില്ലാതല കൊറോണ കോർ കമ്മറ്റിയോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ 45 ദിവസത്തിനകം ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. നിലവിൽ അഡ്മിറ്റ് ആകുന്ന രോഗികളിൽ ഓക്സിജൻ ആവശ്യമുള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അത്യാവശ്യ ഘട്ടത്തിൽ മെഡിക്കൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കുന്നതിനായി വ്യാവസായിക അടിസ്ഥാനത്തിൽ പ്ലാന്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഓരോ കോവിഡ് ഡൊമിസിലിയറി കെയർ സെൻറർ ഒരുക്കുന്നതിനുള്ള നടപടി ആരംഭിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും കണ്ടെത്തിയയ കൊവിഡ് കെയർ സെന്ററുകൾ 24 മണിക്കൂറിനകം പ്രവർത്തനസജ്ജമാക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് കർശന നിർദേശം നൽകും. ജില്ലയിൽ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കൊവിഡ് കേസുകൾ വർധിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും കൂടുതലാണ്. നിലവിലെ സാഹചര്യത്തിൽ എൻ 95 മാസ്‌കോ അല്ലെങ്കിൽ, രണ്ട് മാസ്‌കുകളോ ധരിക്കുന്നതാണ് ഉചിതമെന്ന് ഡി.എം.ഒ ഡോ. എ.വി. രാംദാസ് അഭിപ്രായപ്പെട്ടു. ഫിഷറീസ് വകുപ്പിന് കീഴിൽ ടെക്നിക്കൽ സ്‌കൂളിലുള്ള 50 ബെഡുകൾ തൃക്കരിപ്പൂർ പോളിടെക്നിക്ക് സിഎഫ്എൽടിസി യിലേക്ക് അനുവദിക്കും.കേരള ചെറുകിട വ്യവസായ അസോസിയേഷൻ 25 കട്ടിലുകൾ നൽകാനും സന്നദ്ധത അറിയിച്ചു
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പരിശോധന
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ജാഗ്രതാ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും ഉറപ്പു വരുത്താനായി ജില്ലയിലെ 17 അതിർത്തി പോയിന്റുകളിലും പരിശോധന നടത്തും. നിലവിൽ ഈ ചെക്ക്‌പോയിന്റുകളിൽ പോലീസ് മാത്രമുള്ളതിനാൽ ആവശ്യമായ ജീവനക്കാരെ നിയോഗിക്കാൻ ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് ട്രെയിൻ മാർഗം ജില്ലയിലേക്ക് വരുന്നവരെ പരിശോധിക്കാൻ കാസർകോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനുകളിൽ ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന ആവശ്യമായ സജ്ജീകരണങ്ങൾ നടത്തുന്നതിന് എ.ഡി.സിയെ ചുമതലപ്പെടുത്തി. യാത്രക്കാരുടെ കോവിഡ് ജാഗ്രത പോർട്ടൽ രജിസ്ട്രേഷൻ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, എന്നിവയ്ക്ക് പുറമെ രോഗലക്ഷണങ്ങളുണ്ടോ എന്നും പരിശോധിക്കും.
മാഷ് പദ്ധതി വിപുലീകരിക്കും
ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മാഷ് പദ്ധതി കൂടുതൽ അധ്യാപകരെ ഉൾപ്പെടുത്തി വിപുലീകരിക്കും. കോവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പാൻ സെക്ടർ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കണം. മാഷ് ഡ്യൂട്ടിയിലുള്ള അധ്യാപകരെ മറ്റൊരു ഡ്യൂട്ടിക്കും നിയോഗിക്കരുതെന്നനും ജില്ലാ കളക്ടർ നിർദേശിച്ചു.
കാർഷിക വിളകൾ വിറ്റഴിക്കാൻ സാഹചര്യമൊരുക്കും
കാർഷികവിളകളുടെ വിളവെടുപ്പ് സമയമായതിനാൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം വിപണി കണ്ടെത്താനാവാത്ത പ്രശ്നം ഉണ്ടാകാനിടയുണ്ട്.ഇത് പരിഹരിക്കുന്നതിനായി കൃഷിക്കാർക്ക് ന്യായമായ വിലയ്ക്ക് ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി.
ഏപ്രിൽ മാസത്തെ ഭക്ഷ്യ കിറ്റുകളുടെ വിതരണം മെയ് 5 നകം പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസറോട് നിർദേശിച്ചു.
പോലീസ് കർശനമായ പരിശോധനയും നടപടികളും സ്വീകരിച്ചു വരുന്നുണ്ടെന്നും, വളണ്ടിയർമാരെക്കൂടി നിയോഗിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് പറഞ്ഞു.
ഓൺലൈൻ യോഗത്തിൽ എ.ഡി.എം അതുൽ സ്വാമിനാഥ്, കൊറോണ കോർ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടുപോവുക
കോവിഡ് രോഗഭീതിയുടെ സാഹചര്യത്തിൽ മനുഷ്യരുടെ സമ്പർക്കവും സഞ്ചാരവും കുറയ്ക്കാനായി അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടുപോവുകയും ജീവനക്കാരെ വീട്ടിലേക്ക് വിളിക്കുകയും ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. മൃഗാശുപത്രി ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ടശേഷം നിർദ്ദേശാനുസരണം തുടർനടപടികൾ സ്വീകരിക്കുക. അത്യാവശ്യമല്ലാത്ത സേവനങ്ങൾ തൽക്കാലത്തേയ്ക്ക് നീട്ടിവെക്കുക. തൊഴുത്തും, കൂടും പരിസരങ്ങളും ശുചിയായും അണുവിമുക്തമായും സൂക്ഷിക്കുക. പൊതുവായ വ്യക്തിഗത മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കി രോഗബാധ നിയന്ത്രിക്കാനും സാമൂഹികസുരക്ഷ ഉറപ്പാക്കുവാനും ശ്രദ്ധിക്കണമെന്ന് അറിയിച്ചു.


KEYWORD

DISTRICT COLLECTOR KASARAGOD

DISTRICT INFORMATION OFFICE KASARAGOD

DISTRICT PANJAYATH KASARAGOD

DMO KASARAGOD

Post a Comment

أحدث أقدم