സംസ്ഥാന ഭരണം ക്വാറൻ്റീനിൽ; ഭരണവേഗം കുറഞ്ഞേക്കും


കോഴിക്കോട്:(www.thenorthviewnews.inമലപ്പുറത്ത് ജില്ലാ ഭരണ നേതൃത്വത്തിലുള്ള കളക്ടറും കോവിഡ് ബാധിതനായതോടെ ആദ്യ സമ്പർക്ക പട്ടികയിൽ സംസ്ഥാന ഭരണം പെട്ടു. ആൻ്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ തുടരും. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെയും ആൻ്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

മന്ത്രിമാരായ ഇ.പി ജയരാജൻ, വി.എസ് സുനിൽകുമാർ, എ.സി മൊയ്ദീൻ എന്നിവർ നേരത്തേ ആൻ്റിജൻ നെഗറ്റീവ് ആയിരുന്നുവെങ്കിലും ക്വാറൻ്റീനിൽ സ്വയം പ്രവേശിച്ചു കഴിഞ്ഞു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ടി ജലീൽ, സ്പീക്കർ ശ്രീരാമകൃഷണൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറയും നിരീക്ഷണത്തിലായി കഴിഞ്ഞു. ഇതോടെ കരിപ്പൂര്‍ വിമാനാപകടസ്ഥലത്ത് പറന്നിറങ്ങിയ വിഐപി പടയാകെ നിരീക്ഷണത്തിലായി. പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഗവർണർ അടക്കം ഇനിയും പട്ടികയിൽ ഇടം പിടിച്ചവരുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വി.ഐ.പി.കൾ ഒന്നിച്ച് നിരീക്ഷണത്തിലായത്. മന്ത്രി വി.എസ് സുനിൽ കുമാർ കഴിഞ്ഞ മാസം എറണാകുളത്തെ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. നിരീക്ഷണത്തിൽ ഇരുന്ന് ഭരണകാര്യങ്ങൾ നിയന്ത്രിക്കാമെങ്കിലും വേഗം കുറയാനാണ് സാധ്യത. മുഖ്യമന്ത്രിയുൾപ്പെടെ ഇത്രയും മന്ത്രിമാർ നിരീക്ഷണത്തിലായത് ഫയലുകൾ പലതും നിശ്ചലമാകും. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനം നിലവിൽ ഒഴിവാക്കി കഴിഞ്ഞു. വകുപ്പുകളിൽ പ്രത്യേകിച്ച് ആരോഗ്യ വകുപ്പിൽ പ്രവർത്തനം സുഗമമാക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനമൊരുങ്ങാനാണ് സാധ്യത.

Post a Comment

أحدث أقدم