കാസര്‍കോട്: (www.thenorthviewnews.in) ഗണിതം ക്ലാസ്സില്‍  സങ്കീര്‍ണ്ണമായ സമവാക്യങ്ങളും ജ്യാമിതീയ രൂപങ്ങളും പഠിപ്പിക്കാന്‍ ചോക്ക് പിടിക്കുന്ന വിരലുകള്‍ കൊണ്ട് ചിത്രകലയില്‍ വിസ്മയം തീര്‍ക്കുകയാണ് കുട്ടികളുടെ പ്രിയപ്പെട്ട നജാബ ടീച്ചര്‍. കാസര്‍കോട് പെരിയ ഗവ പോളി ടെക്‌നിക് കോളജിലെ മാത്സ് ലക്ച്ചറര്‍ ആയ നഫീസത്ത് നജാബ ഇത് വരെ ക്യാന്‍വാസില്‍ തീര്‍ത്ത ദൃശ്യ വിസ്മയങ്ങള്‍ അനവധിയാണ്. തന്റെ മുന്നില്‍ കാണുന്ന ദൃശ്യങ്ങളെ കാല്പനികതയും ഭാവനയും കലര്‍ത്തി ക്യാന്‍വാസില്‍ പകര്‍ത്തുന്ന നജാബ വരച്ച ചിത്രങ്ങള്‍ കാണികളില്‍ അത്ഭുതമുണര്‍ത്തും. 



ചെറുപ്പം മുതലേ ചിത്രകലയോട് അഭിനിവേശം പുലര്‍ത്തിയിരുന്ന നജാബ പഠന കാലത്തെ ഒഴിവു സമയത്താണ് സ്വപ്രയത്‌നം കൊണ്ട് ചിത്രകലയില്‍ പ്രാവീണ്യം നേടിയത്. ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും നജാബയുടെ ചിത്രങ്ങള്‍ക്ക് തഴക്കം വന്ന ആര്‍ട്ടിസ്റ്റിന്റെ പൂര്‍ണ്ണതയുണ്ടെന്ന് കാഴ്ചക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കാസര്‍കോട്  ഗവ. കോളേജില്‍ നിന്ന് ബി. എസ്. സി മാത്‌സില്‍ ബിരുദവും പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് എം. എസ്. സിയും നേടിയ നജാബ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി. എഡ് രണ്ടാം റാങ്ക് ജേതാവ് കൂടിയാണ്.

അക്രിലിക്ക് പെയിന്റിങ്ങിലും വാട്ടര്‍ കളറിലും ഓയില്‍ പെയിന്റിങ്ങിലും കഴിവ് തെളിയിച്ചിട്ടുള്ള ഈ ബേവിഞ്ച സ്റ്റാര്‍ നഗര്‍ സ്വദേശിനി സ്‌കൂള്‍ കോളജ് തല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
കൈരളി ബുക്‌സിന്റെയും മയൂര ആര്‍ട് പ്രസ് ബുക്ക് ഷോപ്പിന്റെയും ആഭിമുഖ്യത്തില്‍ നജാബ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ജൂലൈ 27 മുതല്‍ കാസര്‍കോട് ഐ. സി ഭണ്ഡാരി റോഡ് പരിസരത്ത് സംഘടിപ്പിക്കുന്നുണ്ട്.

കാസര്‍കോടിനൊരിടം.

Post a Comment

أحدث أقدم